- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് സിദ്ധരാമയ്യ; കാവേരി നദീജല തർക്കം രൂക്ഷമാകാൻ സാധ്യത
ബെംഗളൂരു: കാവേരി നദീതട അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 5000 ക്യുസെക് വെള്ളം തുറന്നുവിടാൻ സിഡബ്ല്യുഎംഎ നിർദ്ദേശം നൽകിയിരുന്നെങ്കിലും ജലക്ഷാമമുള്ളതിനാൽ തുറന്നുവിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.
തമിഴ്‌നാടിനു കുടിവെള്ളം, വിളകൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കു വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണു കർണാടക. ഇതോടെ കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കം രൂക്ഷമാകാൻ സാധ്യതയേറി.
''വിട്ടുനൽകാൻ ഞങ്ങൾക്ക് വെള്ളമില്ല. കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും. വെള്ളം വിട്ടുനൽകണമെങ്കിൽ 106 ടിഎംസിയാണ് (തൗസന്റ് മില്യൻ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങൾക്ക് 30 ടിഎംസിയും, വിളകൾ സംരക്ഷിക്കാൻ 70 ടിഎംസിയും വ്യവസായങ്ങൾക്ക് 3 ടിഎംസി വെള്ളവും ആവശ്യമാണ്.
സാധാരണ ഒരു വർഷം 177.25 ടിഎംസി വെള്ളമാണ് തുറന്നുവിടുന്നത്. ഇതുവരെ 37.7 ടിഎംസി വെള്ളം തുറന്നുവിട്ടു. 99 ടിഎംസി വെള്ളം നൽകേണ്ടിയിരുന്നെങ്കിലും നൽകിയിട്ടില്ല. 5000 ക്യുസെക് വെള്ളം തുറന്നുവിടാൻ സിഡബ്ല്യുഎംഎ നിർദ്ദേശം നൽകിയിരുന്നെങ്കിലും ജലക്ഷാമമുള്ളതിനാൽ തുറന്നുവിട്ടില്ല'' അദ്ദേഹം പറഞ്ഞു.
15 ദിവസത്തേക്കു കൂടി 5000 ക്യുസെക് (ഘനയടി) കാവേരി ജലം തമിഴ്‌നാടിനു വിട്ടുകൊടുക്കാൻ കാവേരി ജല മാനേജ്‌മെന്റ് അഥോറിറ്റി 12ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജലക്ഷാമ സാഹചര്യം കണക്കിലെടുത്ത് വെള്ളം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. കാവേരിയിൽനിന്ന് 24,000 ക്യുസെക് വെള്ളം ആവശ്യപ്പെട്ടു കൊണ്ടുള്ള തമിഴ്‌നാടിന്റെ ഹർജി 21ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.




