കൊൽക്കത്ത: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ആശ്വാസം. ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന കേസിൽ കൊൽക്കത്ത കോടതി ഷമിക്കും മൂത്ത സഹോദരൻ മുഹമ്മദ് ഹസീബിനും ജാമ്യം അനുവദിച്ചു. ഇരുവരും ജാമ്യമെടുക്കാനായി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഏഷ്യാ കപ്പിനു ശേഷം ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ഷമി.

2018 മാർച്ചിലാണ് മുൻ ഭാര്യ ഹസിൻ ജഹാൻ ഷമിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്തത്. ഷമിയുടെ വിവാഹേതര ബന്ധങ്ങളെ ചോദ്യം ചെയ്തതിന് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നായിരുന്നു ഹസിൻ ജഹാന്റെ പരാതി.

ഹസിൻ ജഹാന്റെ പരാതിയിൽ ഷമിയെയും സഹോദരനെയും പൊലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് വാറന്റ് പുറപ്പെടവിക്കുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് വാറന്റിനെതിരെ മേൽക്കോടതിയെ സമീപിച്ച ഇരുവരും സ്റ്റേ വാങ്ങി.

കൊൽക്കത്ത ഹൈക്കോടതിയും അറസ്റ്റ് വാറന്റിൽ സ്റ്റേ അനുവദിച്ചു. പിന്നീട് ഹസീൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയെ തന്നെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ഈ വർഷം ജനുവരിയിൽ കീഴ്‌ക്കോടതി ഷമി ഭാര്യക്ക് പ്രതിമാസം 1,30000 രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. 50000 രൂപ ഭാര്യക്കും 80000 രൂപ ഇവരുടെ കുട്ടിയുടെ ചെലവിനുമായി നൽകാനായിരുന്നു കോടതി വിധി.

2014ലാണ് ഷമിയും ഹസിൻ ജഹാനും വിവാഹിതരാകുന്നത്. 2018 മാർച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചിത്രങ്ങൾ പുറത്തുവിട്ടതോടെ ബന്ധം വഷളായി. ഷമിക്ക് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് ഹസിൻ ആരോപിച്ചത്.

ഇന്ത്യൻ ടീമിനൊപ്പമുള്ള പര്യടനങ്ങൾക്കിടെ ബിസിസിഐ അനുവദിച്ച ഹോട്ടൽ മുറികളിൽ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഷമി ഇടക്കിടെ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു എന്നും ഹസിൻ ആരോപിച്ചു. തുടർന്നാണ് ഗാർഹിക പീഡനം ആരോപിച്ച് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു.