ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായതോടെ കനേഡിയൻ സ്റ്റുഡന്റ് വിസകൾക്ക് അപേക്ഷിക്കുകയോ അംഗീകാരത്തിനായി കാത്തിരിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ. ഇന്ത്യൻ വിദ്യാർത്ഥികളെയാണ് നയതന്ത്ര സംഘർഷം കൂടുതൽ ബാധിക്കുക.

നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും പഠിക്കുന്നത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞത്. തിങ്കളാഴ്ചയാണ് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യൻ നയതന്ത്രജ്ഞനെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്. തുടർന്ന് ചൊവ്വാഴ്ച തന്നെ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.

അതിനിടെ, നിജ്ജാറിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന കനേഡിയൻ സർക്കാരിന്റെ അവകാശവാദം ഇന്ത്യ തള്ളി. അടുത്ത പ്രവേശനത്തിനായി കനേഡിയൻ സർവ്വകലാശാലകളിൽ ചേരാൻ പദ്ധതിയിട്ടിരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ പകരം സംവിധാനം തേടുകയാണെന്ന് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡയുടെ വാർഷിക ബജറ്റിലേക്ക് അന്തർദ്ദേശീയ വിദ്യാർത്ഥികൾ ഗണ്യമായി സംഭാവന ചെയ്യുന്നതിനാൽ വിസ അംഗീകാര നിരക്കുകളിൽ നയതന്ത്ര യുദ്ധം കാരണം മാറ്റത്തിന് സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ.