ലഖ്നൗ: ലഖ്നൗവിൽ സ്വകാര്യ കോളേജിൽ ബി കോം വിദ്യാർത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയത് ഇൻസ്റ്റഗ്രാം സുഹൃത്തെന്ന് പൊലീസ്. ചിൻഹാട്ടിലെ കോളേജ് വിദ്യാർത്ഥിനി നിഷ്ത ത്രിപാഠിക്ക് വ്യാഴാഴ്ച പുലർച്ചെയാണ് വെടിയേറ്റത്. ലഖ്നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാൽ റസിഡൻസിയിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്.

സംഭവത്തിൽ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്‌തെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റർ ചെയ്തത്. അടുത്തിടെ ഒരു കവർച്ച കേസിലും ആദിത്യ പ്രതി ചേർക്കപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട യുവാവാണ് 23 കാരിയെ വെടിവെച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു.

സ്വകാര്യ കോളേജിൽ ബി കോം (ഓണേഴ്സ്) വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഹർദോയി സ്വദേശിനിയായ നിഷ്ത. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ഹൗസ് പാർട്ടിയിലാണ് സംഭവം നടന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഫ്‌ളാറ്റിൽ നിന്ന് മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു. എന്നാൽ ഫ്ളാറ്റിൽ പാർട്ടി നടന്നിരുന്നുവെന്ന റിപ്പോർട്ട് പൊലീസ് തള്ളിക്കളഞ്ഞു.

ബല്ലിയ സ്വദേശിയാണ് ആദിത്യ. ആദിത്യ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലാണ് കൊലപാതകം നടന്നത്. നിഷ്തയെ ആദിത്യ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനിടെ ആവാം ആദിത്യ നാടൻ തോക്ക് ഉപയോഗിച്ച് നിഷ്തയ്ക്ക് നേരെ വെടിയുതിർത്തത് എന്നാണ് പൊലീസിന്റെ നിഗമനം. ചോദ്യംചെയ്യലിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. മുൻഗറിൽ നിന്നാവാം പ്രതി പിസ്റ്റൾ വാങ്ങിയതെന്ന് വിഭൂതി ഖണ്ഡ് എസിപി അനിദ്യ വിക്രം സിങ് പറഞ്ഞു.

പുലർച്ചെ മൂന്ന് മണിക്ക് ശേഷമായിരുന്നു സംഭവം. ആദിത്യയുടെ സുഹൃത്ത് മോനു വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിഷ്തയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദിത്യയും സുഹൃത്തും ചേർന്നാണ് നിഷ്തയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ യുവതി മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ഇരുവരും സ്ഥലംവിട്ടു. പൊലീസ് വൈകാതെ ആദിത്യയെ അറസ്റ്റ് ചെയ്തു.