പട്‌ന: ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനോട് ഒക്ടോബർ നാലിനു ഹാജരാകാൻ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി നിർദേശിച്ചു. ഭാര്യ റാബ്‌റി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരും ഹാജരാകണം.

ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, തേജസ്വി യാദവ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചതായി കഴിഞ്ഞ ദിവസം സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ജൂലൈ മൂന്നിനാണ് ഇവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിലെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്കു ഭൂമി കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണു കേസ്.