- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാവേരി നദീജല തർക്കത്തിൽ കർണാടകയിൽ പ്രതിഷേധം കടുക്കുന്നു; മണ്ഡ്യയിൽ നാളെ ബന്ദ്
ബംഗളൂരു: കാവേരി നദീ ജല തർക്കത്തിൽ തമിഴ്‌നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം കടുക്കുന്നു. കാവേരി നദീ ജല വിഷയത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയിൽ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതി നാളെ (ശനിയാഴ്ച) മണ്ഡ്യയിൽ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന്റെ കൂടിയാലോചനകൾക്കായി വെള്ളിയാഴ്ച വൈകിട്ട് വിവിധ സംഘടനകളുടെ യോഗവും ചേർന്നു.
മണ്ഡ്യയിലെ സമരത്തിൽ ആദിചുഞ്ചനഗിരി മഠാധിപതി നിർമലാനന്ദ സ്വാമി, മണ്ഡ്യ എംപി സുമലതയുടെ മകൻ അഭിഷേക് അംബരീഷ് തുടങ്ങിയവരും പങ്കെടുത്തേക്കും. മണ്ഡ്യയിൽ ബന്ദിന് ആഹ്വാനം ചെയ്തതോടെ ബെംഗളൂരു-മൈസൂരു എക്സ്‌പ്രസ് വേയിൽ ഉൾപ്പെടെ യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ട് നേരിട്ടേക്കാനുള്ള സാധ്യതയുമുണ്ട്.
വെള്ളിയാഴ്ച വിവിധ സംഘടനകളാണ് വിവിധ ജില്ലകളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച കന്നട സംഘടന പ്രവർത്തകർ ബെംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മണ്ഡ്യയിലെ മളവള്ളി താലൂക്കിലെ തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയായിരുന്നു.
കാവേരി ജലം സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളിൽ ബെംഗളൂരുവിലുള്ളവർ വിട്ടുനിൽക്കുകയാണെന്നും പ്രതിഷേധത്തിന്റെ വ്യാപ്തി അവർ തിരിച്ചറിയുന്നതിനാണ് ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടയാൻ ശ്രമിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ടി.കെ. ഹള്ളിയിലും പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.




