- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദാനിയെ സന്ദർശിച്ച് പവാർ; ഫാക്ടറി ഉദ്ഘാടനം ചെയ്തു; ഇന്ത്യ സഖ്യത്തിലെ ആരും രാഹുലിന്റെ വാക്കുകൾക്ക് വില നൽകുന്നില്ലെന്ന് ബിജെപി
ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയുമായി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. 'ഇന്ത്യ' സഖ്യത്തിലുള്ളവർ പോലും രാഹുൽ ഗാന്ധിയെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ബിജെപി പരിഹസിച്ചു.
ശനിയാഴ്ച അഹമ്മദാബാദിൽ ഇന്ത്യയിലെ ആദ്യത്തെ ലാക്ടോഫെറിൻ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ശരദ് പവാർ, ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്‌സ് (ട്വിറ്റർ) ഫ്‌ളാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ അദാനിയുടെ വസതിയും ഓഫിസും ശരദ് പവാർ സന്ദർശിച്ചു.
അഹമ്മദാബാദിലെ സാനന്ദ് ഗ്രാമത്തിൽ അദാനി ഗ്രൂപ്പിന്റെ ഫാക്ടറിയും പവാർ ഉദ്ഘാടനം ചെയ്തു. ഹിൻഡൻബർഗ് ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിനിടെയാണ് ആരോപണ വിധേയനായ അദാനിയുടെ വീട്ടിൽ പവാർ എത്തിയത്. നേരത്തേ അദാനിയെ പിന്തുണച്ച് പവാർ രംഗത്തെത്തിയിരുന്നു.
തുടർന്ന് ഒന്നിലധികം തവണ അദാനി പവാറിനെ വസതിയിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടായി അദാനിയുമായി പവാറിന് ബന്ധമുണ്ട്. ആത്മകഥയിലും അത് തുറന്നുപറയുന്നുണ്ട്. ലാളിത്യമുള്ള, കഠിനാധ്വാനിയായ വ്യവസായി എന്നാണ് ആത്മകഥയിൽ പവാർ അദാനിയെ കുറിച്ച് പറയുന്നത്.
അതേസമയം, പവാറിന്റെ സന്ദർശനത്തിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇന്ത്യ സഖ്യത്തിലെ ഒരാൾ പോലും ഗൗരവമായി എടുക്കുന്നില്ലെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. പവാർ അദാനിയെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരുമിച്ച് പോരാടാനുള്ള പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യുടെ പ്രധാന നേതാവാണ് ശരദ് പവാർ. മുംബൈയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ അദ്ദേഹമാണ് അധ്യക്ഷത വഹിച്ചത്. മാത്രമല്ല, അദാനി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന സമയത്താണ് പവാറിന്റെ അദാനിയുമായുള്ള കൂടിക്കാഴ്ച.




