ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു. ആന്ധ്ര ഹൈക്കോടതി ഹർജി തള്ളിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു സുപ്രീം കോടതിയെ സമീപിച്ചത്. നായിഡുവിന്റെ അഭിഭാഷകർ ശനിയാഴ്ച സുപ്രീം കോടതി രജിസ്ട്രിയിൽ ഹർജിയുടെ പകർപ്പ് സമർപ്പിച്ചു.

ഈ മാസം 10നാണ് ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തു നടപ്പാക്കിയ നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തി എന്ന കേസിലാണ് ആന്ധ്ര സിഐഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. കുംഭകോണത്തിന്റെ മുഖ്യ സൂത്രധാരൻ അന്നു മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു ആണെന്നും അദ്ദേഹം തെറ്റായ രേഖകൾ ഉണ്ടാക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രപ്രദേശ് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. ഐപിസി സെക്ഷൻ 482 പ്രകാരം ഫയൽ ചെയ്ത കേസിൽ ഒരു മിനി ട്രയൽ നടത്താൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചോദ്യംചെയ്യലിനായി രണ്ട് ദിവസം നായിഡുവിനെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.