ന്യൂഡൽഹി: ലോക്‌സഭയിൽ പ്രധാനമന്ത്രിക്കെതിരേ മോശം പരാമർശം നടത്തിയെന്നാരോപിച്ച് തന്നെ ബിജെപി വേട്ടയാടുന്നുവെന്ന് ബി.എസ്‌പി. എംപി. ഡാനിഷ് അലി. സഭയിൽ അവർ തന്നെ വാക്കുകൾ കൊണ്ട് മർദിച്ചെന്നും ഇപ്പോൾ പുറത്തുവെച്ചും മർദിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഡാനിഷ് അലി ആരോപിച്ചു.

പ്രധാനമന്ത്രിക്കെതിരേ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച ബിജെപി. എംപി. നിഷികാന്ത് ദുബെയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു. സഭയ്ക്കകത്ത് അവർ തന്നെ വാക്കുകൾ കൊണ്ട് മർദിച്ചെന്നും ഇപ്പോൾ പുറത്തുവെച്ചും മർദിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഡാനിഷ് അലി ആരോപിച്ചു. പ്രധാനമന്ത്രിയെ താൻ ആക്ഷേപിച്ചെന്ന ദുബെയുടെ ആരോപണം സത്യമാണെങ്കിൽ അതിന്റെ ദൃശ്യങ്ങൾ കൊണ്ടുവരാനും അദ്ദേഹം വെല്ലുവിളിച്ചു.

പ്രധാനമന്ത്രിക്കെതിരേ ഡാനിഷ് അലി മോശം പരാമർശം നടത്തിയെന്നാരോപിച്ച് നിഷികാന്ത് ദുബെ നേരത്തേ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചിരുന്നു. ദാനിഷ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചതാണ് ബിധുരിയെ പ്രകോപിപ്പിച്ചതെന്നും കത്തിൽ പറയുന്നു. അതേസമയം, രമേശ് ബിദുരിയുടെ ഭാഗത്തുനിന്നുണ്ടായ പരാമർശത്തിൽ ദുബെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

ദുബെയുടെ ആരോപണങ്ങൾ നിഷേധിച്ച ഡാനിഷ്, യഥാർഥത്തിൽ പ്രധാനമന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിയെ ഈ വാക്കുകൾ പറഞ്ഞ് അധിക്ഷേപിക്കാൻ തക്കവണ്ണം താൻ അധഃപതിച്ചിട്ടില്ലെന്നും ദാനിഷ് പറഞ്ഞു.

ഡാനിഷ് അലിയേക്കുറിച്ച് തീവ്രവാദി എന്നടക്കമുള്ള പദങ്ങൾ ഉപയോഗിച്ച് ബിധുരി സഭയിൽ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. പിന്നിലിരിക്കുകയായിരുന്ന മുൻ കേന്ദ്രമന്ത്രിമാരായ ഹർഷവർധനും രവിശങ്കർ പ്രസാദും ഇതുകേട്ട് ചിരിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ലോക്സഭയിൽ വ്യാഴാഴ്ച രാത്രി ചന്ദ്രയാൻ ചർച്ച നടക്കുന്നതിനിടെയായിരുന്നു സംഭവം. വിഷയത്തിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.