ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ യോഗ്യതയുള്ള മറ്റൊരു നേതാവ് ഇല്ലെന്ന് ബിഹാർ ഡപ്യൂട്ടി സ്പീക്കറും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ മഹേശ്വർ ഹസാരി. അതിനാൽ, പ്രതിപക്ഷ ഇന്ത്യ സഖ്യം നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

''പ്രധാനമന്ത്രിയാകാൻ ആവശ്യമായ എല്ലാ ഗുണങ്ങളും നിതീഷ് കുമാറിന് ഉണ്ട്. ഇന്ത്യ സഖ്യം എപ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കുമോ, അത് നിതീഷ് കുമാറിന്റെ പേരായിരിക്കും. റാം മനോഹർ ലോഹ്യയ്ക്ക് ശേഷം രാജ്യത്ത് ഉന്നത സോഷ്യലിസ്റ്റ് നേതാവ് ഉണ്ടെങ്കിൽ അത് നിതീഷ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പറഞ്ഞിരുന്നു. നിതീഷ് അഞ്ച് തവണ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 18 വർഷമായി ബിഹാറിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു'' മഹേശ്വർ ഹസാരി പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പാർട്ടിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പ്രധാനമന്ത്രി സ്ഥാനമോഹമൊന്നുമില്ലെന്നും എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിതീഷ് പല തവണ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഇന്ത്യ മുന്നണി ഇതുവരെ മൂന്നു യോഗങ്ങൾ ചേർന്നുവെങ്കിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.