ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യ-സൗദി ഇൻവെസ്റ്റ്മെന്റ് ഫോറം 2023ൽ പങ്കെടുത്തത് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഔപചാരിക നിക്ഷേപ ചർച്ച കൂടിയാണിത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏകദേശം 100 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി കിരീടാവകാശി മുൻപ് പ്രഖ്യാപിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ നടത്തിയ ഇന്ത്യ സന്ദർശന വേളയിലാണ് ഇക്കാര്യം അറിയിച്ചത്.

2000 ഏപ്രിൽ മുതൽ 2023 ജൂൺ വരെ ഇന്ത്യയിൽ സൗദിയുടെ നിക്ഷേപം 3.22 ബില്യൺ ഡോളറാണ്. ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ കോചെയർ കൂടിയായ ഇറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദും സൗദി ഇൻഡോ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

ഇറാം ഗ്രൂപ്പും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) സംയുക്തമായി സൗദിയിൽ ഇലക്ട്രോണിക് മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള താല്പര്യ പത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ രാഷ്ട്രപതി സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന് നൽകിയ അത്താഴ വിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അടങ്ങുന്ന സംഘം അഭിവാദ്യം ചെയ്തു.