ന്യൂഡൽഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് പിടിയിലായത്.

ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ്. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.ഇന്ത്യൻ സൈന്യത്തിൽ ഒമ്പത് മാസത്തോളം ശൈലേന്ദ്ര ചൗഹാൻ പോർട്ടറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു.

സൈനിക വാഹനങ്ങളുടെ പോക്കുവരവും ലൊക്കേഷനും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐഎസ്ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തതായാണ് കണ്ടെത്തൽ. ശൈലേഷ് ചൗഹാൻ എന്ന പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്. ഒരു ഫോട്ടോക്ക് 2000 രൂപ വീതം ഇയാൾ കൈപ്പറ്റിയെന്നും എ.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു.

ഹർലീൻ കൗർ എന്നയാൾ പരിചയപ്പെടുത്തിയ പ്രീതിയെന്ന ഐ.എസ്‌ഐ ഏജന്റിനാണ് ഇയാൾ സൈന്യത്തിന്റെ ഫോട്ടോ കൈമാറിയതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.