ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ബിജെപിയുടെ ഓഫിസ് കത്തിച്ച് പ്രക്ഷോഭകാരികൾ. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസ് മെയ്‌തെയ് വിഭാഗക്കാരാണ് കത്തിച്ചതെന്നാണ് വിവരം. കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.

മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനെത്തുടർന്ന് സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. മുഖ്യമന്ത്രിയുമായും ഗവർണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയെങ്കിലും വിദ്യാർത്ഥികൾക്കിടിയിൽനിന്ന് കല്ലേറുണ്ടാവുകയായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 45 വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രക്ഷോഭത്തിനെത്തി. അതിനിടെ, സായുധസേനയ്ക്ക് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ മണിപ്പുരിൽ ആറു മാസത്തേക്കുകൂടെ നീട്ടി. സംഘർഷം രൂക്ഷമായതോടെ അഞ്ച് ദിവസം ഇന്റർനെറ്റും റദ്ദാക്കി.