കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ പ്രതികളായ സിപിഎം. നേതാവ് പി.ആർ. അരവിന്ദാക്ഷനെയും ബാങ്കിലെ സീനിയർ അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡി കോടതി അനുവദിച്ചിരിക്കുന്നത്. കസ്റ്റഡി കാലാവധി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അവസാനിക്കും.

ഇരുവരെയും മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി. കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇ.ഡി. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുന്നുണ്ടെന്നും കസ്റ്റഡി അനാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു.

ഇ.ഡി. മർദിച്ചെന്ന് അരവിന്ദാക്ഷൻ നേരത്തേ പൊലീസിൽ നൽകിയിരുന്ന പരാതിയും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു. ഇതേത്തുടർന്ന് കസ്റ്റഡിയിൽ വിടാനായി ഇ.ഡിക്ക് പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്. മൂന്നുമണിക്കൂർ തുടർച്ചയായി ചോദ്യംചെയ്താൽ വിശ്രമം അനുവദിക്കണം, ബന്ധുക്കളെയും അഭിഭാഷകരെയും കാണാനുള്ള അവസരം നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ.