- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഞ്ചെക്ഷൻ മാറി കുത്തിവെച്ചു; ഉത്തർപ്രദേശിലെ മയിൻപുരിയിൽ 17കാരി മരിച്ചു; മൃതദേഹം ബൈക്കിന് മുകളിൽ കെട്ടിവെച്ചു; ഡോക്ടറും ജീവനക്കാരനും മുങ്ങി; പ്രതിഷേധിച്ച് ബന്ധുക്കൾ; ആശുപത്രി പൂട്ടി
ലക്‌നൗ: ഉത്തർപ്രദേശിലെ മയിൻപുരിയിൽ സ്വകാര്യ ആശുപത്രിയിൽ ഇഞ്ചെക്ഷൻ മാറി കുത്തിവച്ചതിനെ തുടർന്ന് 17കാരി മരിച്ചു. സംഭവം നടന്നശേഷം പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിൽ കെട്ടിവെച്ചശേഷം ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടുവെന്നും പെൺകുട്ടി മരിച്ചകാര്യം അറിയിച്ചില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധം ഭയന്ന് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരനും സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാരനുമെതിരെ നടപടി വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ആശുപത്രിക്ക് മുന്നിൽ ഇരുചക്രവാഹനത്തിന് മുന്നിൽ പെൺകുട്ടിയുടെ മൃതദേഹമിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയരീതിയിലുള്ള പ്രതിഷേധമാണുയരുന്നത്.മയിൻപുരി സ്വദേശിനിയായ ഭർതി എന്ന 17കാരിയാണ് മരിച്ചത്. ഗിരുരിലെ കർഹൽ റോഡിലെ രാധ സ്വാമി ആശുപത്രിയിൽ പനിയെതുടർന്നാണ് പെൺകുട്ടിയെ ചികിത്സക്കായി കൊണ്ടുവരുന്നത്.
ബുധനാഴ്ച പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുവായ മനീഷ പറഞ്ഞു. ഡോക്ടർ ഇഞ്ചെക്ഷൻ നൽകിയശേഷമാണ് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതെന്നും ഇവർ ആരോപിച്ചു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പെൺകുട്ടിയുടെ ആരോഗ്യനില മോശമായികൊണ്ടിരിക്കുകയാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടർ അറിയിക്കുകയായിരുന്നു. എന്നാൽ, ഇക്കാര്യം ഡോക്ടർ അറിയിക്കുമ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തെതുടർന്ന് സ്ഥലത്തെ ചീഫ് മെഡിക്കൽ ഓഫീസർ ആശുപത്രി അടച്ചുപൂട്ടി. പരിശോധനക്കായി നോഡൽ ഓഫീസറെ ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെ ഡോക്ടറോ മറ്റു ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ മറ്റൊരു രോഗിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയശേഷമാണ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആർ.സി ഗുപ്ത പറഞ്ഞു. ആശുപത്രി ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിലും നടത്തിപ്പിക്കാരൻ ഡോക്ടറല്ലാത്തതിനാൽ ലൈൻസൻസ് റദ്ദാക്കിയെന്നും ഗുപ്ത പറഞ്ഞു.സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് നിർദ്ദേശം നൽകി.




