ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി സഹായം അഭ്യർത്ഥിച്ചിട്ടും ആട്ടിയോടിക്കുകയും സഹായം നൽകാതെ മുഖംതിരിക്കുകയും ചെയ്ത പ്രദേശവാസികൾക്ക് എതിരെയടക്കം കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ്. നിലവിൽ തിരിച്ചറിഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ കേസെടുത്തു. പെൺകുട്ടി അതിക്രമത്തിനിരയായി എന്ന് ബോധ്യമായിട്ടും ഇയാൾ പൊലീസിൽ വിവരം അറിയിച്ചില്ല.

രാകേഷ് മാൾവിയ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ഇയാൾ ഓട്ടോറിക്ഷയിൽ കയറ്റി. വാഹനത്തിന്റെ സീറ്റിൽ രക്തക്കറയുണ്ടായിരുന്നു. ക്രൂരകൃത്യം നടന്നതു മനസ്സിലായിട്ടും ഇയാൾ പൊലീസിൽ വിവരം അറിയിച്ചില്ല. പെൺകുട്ടിയുടെ അവസ്ഥ മനസ്സിലായിട്ടും സഹായിക്കാതിരുന്ന മറ്റുള്ളവർക്കെതിരെയും നിയമപരമായി നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

'സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ നടപടി എടുക്കുന്നത്. കൂടുതൽ ആളുകളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രത്തിനിരയായ പെൺകുട്ടിയെ സഹായിക്കുകയോ പൊലീസിൽ വിവരം അറിയിക്കുകയോ ചെയ്യാത്തവർക്കെതിരെ നിയമപരമായി നടപടിയെടുക്കും.'' ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് ജയന്ത് സിങ് റാത്തോർ പറഞ്ഞു.

ബലാത്സംഗത്തിനിരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലുകളിൽ മുട്ടിയിട്ടും നാട്ടുകാർ ആട്ടിപ്പായിക്കുകയായിരുന്നു. പെൺകുട്ടി അർധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെൺകുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തി. അവിടെയുണ്ടായിരുന്ന പുരോഹിതനാണ്, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയുകയും അവളെ ഒരു ടവലിൽ പൊതിഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മുറിവുകൾ ഗുരുതരമായതിനെ തുടർന്ന് ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.