ശ്രീനഗർ: കാശ്മീരിലെ കുപ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്തുനിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളും പാക്കിസ്ഥാൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ഇവിടെയെത്തിയത്. 

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.  നിയന്ത്രണരേഖയ്ക്ക് സമീപം കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 

ജമ്മു കശ്മീർ പൊലീസിന്റെ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനിടെ മച്ചിൽ സെക്ടറിൽ നിന്ന് രണ്ട് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഇവരെ വധിച്ചത്. പ്രദേശത്ത് രണ്ട് പേർ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുന്നു.