ബെംഗളൂരു: ജെഡിഎസ് - എൻഡിഎ സഖ്യ രൂപീകരണത്തിൽ തന്റെ അതൃപ്തി തുറന്നുപറഞ്ഞ് ജനതാദൾ കർണാടക സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം. ബിജെപിക്കു കൈ കൊടുക്കുന്നതിനു മുൻപ് താനുമായി പാർട്ടി കൂടിയാലോചന നടത്തിയില്ലെന്നാണു സി.എം.ഇബ്രാഹിമിന്റെ ആരോപണം. സഖ്യരൂപീകരണത്തിന് മുൻപ് അഭിപ്രായം തേടാഞ്ഞതിൽ അതൃപ്തിയാണ് സി എം ഇബ്രാഹിം പരസ്യമാക്കിയത്.

''എന്റെ കാഴ്ചപ്പാടിൽ ജെഡിഎസ് - എൻഡിഎ സഖ്യം നിലനിൽക്കുന്നില്ല. ഡൽഹിയിൽ വച്ചു കൂടിക്കാഴ്ച നടന്നതിന്റെ അർത്ഥം സഖ്യം രൂപീകരിച്ചെന്നല്ല. ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജെഡിഎസ് നേതാവ് കെ.എ.തിപ്പേസ്വാമി വിവരങ്ങളറിയിക്കാൻ എന്നെ വിളിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ അധികാരം ഞാൻ ഉപയോഗിക്കും'' ഇബ്രാഹിം പറഞ്ഞു.

ബിജെപിയുമായി സഖ്യം ചേർന്നതിനു പിന്നാലെ നിരവധി നേതാക്കളാണു പാർട്ടി വിട്ടത്. തുടർനടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ സി.എം.ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ജെഡിഎസ് ഒക്ടോബർ 16ന് യോഗം ചേരുമെന്നാണു വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സെപ്റ്റംബർ 22നാണു ജെഡിഎസ് എൻഡിഎയ്‌ക്കൊപ്പം ചേർന്നത്.