കാസർകോഡ്: കാസർകോട് ചെറുവത്തൂരിൽ ഹോം നേഴ്‌സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചു. ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്.

കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബർ 12നാണ് ഒളവറ സ്വദേശി രജനിയെ കൊന്ന് കുഴിച്ചുമൂടിയത്. ചെറുവത്തൂരിലെ ഹോം നഴ്‌സിങ് സ്ഥാപന നടത്തിപ്പുകാരിയും തൃക്കരിപ്പൂർ ഒളവറ സ്വദേശിയുമായ രജനി കൊല്ലപ്പെടുന്നത് 2014 സെപ്റ്റംബർ 12 നാണ്. 38 ദിവസങ്ങൾക്ക് ശേഷമാണ് പറമ്പിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്.

നീലേശ്വരം കണിച്ചിറ സ്വദേശി സതീശൻ രജനിയെ കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്ത് ബെന്നിയുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. ഒന്നാം പ്രതി സതീശന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വേറെയുമുണ്ട്.

രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. സതീശനും രജനിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. കല്യാണം കഴിക്കണമെന്ന് രജനി നിർബന്ധം പിടിച്ചതോടെയാണ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഇയാൾ കൊല നടത്തിയത്.

രജനിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ അന്നത്തെ നീലേശ്വരം സിഐ ആയിരുന്ന യു. പ്രേമൻ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. നാനൂറോളം പേജ് വരുന്ന കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 47 സാക്ഷികളെ വിസ്തരിച്ചു.