ന്യൂഡൽഹി: മതപരിവർത്തനം നടക്കുന്നുവെന്ന ഫോൺ സന്ദേശത്തിൽ ഹോട്ടലിൽ അന്വേഷണത്തിന് എത്തിയ പൊലീസ് കണ്ടത് ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷം. ഡൽഹി വസീറാബാദിലാണ് സംഭവം. നഗരത്തിനു സമീപമുള്ള ഹോട്ടലിലെ പാർട്ടി ഹാളിൽ മതപരിവർത്തനം നടക്കുന്നതായി ഒരു ഫോൺകോൾ പൊലീസിന് ലഭിക്കുകയായിരുന്നു.

വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഒരു കുട്ടിയുടെ പിറന്നാൾ പാർട്ടി നടക്കുന്നതാണ്. മതപരിവർത്തനം നടക്കുന്നതായുള്ള സൂചനകളൊന്നും പൊലീസിനു അവിടെനിന്ന് ലഭിച്ചതുമില്ല.

ഹാളിനുള്ളിലുണ്ടായിരുന്ന അറുപതോളമാളുകളെയും പുറത്തുണ്ടായിരുന്ന മുന്നൂറിനടുത്ത് ആളുകളേയും പൊലീസ് പിരിച്ചുവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഹാളിനു പുറത്തുണ്ടായിരുന്ന ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ വ്യക്തമാക്കി. വിവരം നൽകിയവരുടെയും പാർട്ടിയ്‌ക്കെത്തിയവരുടെയും മൊഴി പൊലീസ് ശേഖരിച്ചു വരികയാണ്. പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നാണ് പൊലീസ് പറയുന്നത്.