- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അരികെ; ബി.ആർ.എസിൽനിന്നും കൊഴിഞ്ഞുപോക്ക്; ഒരു എം.എൽ.സി കൂടി കോൺഗ്രസിലേക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബി.ആർ.എസിൽനിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. ബി.ആർ.എസ്. നേതാവും എം.എൽ.സിയുമായ കാശിറെഡ്ഢി നാരായണ റെഡ്ഢിയാണ് പാർട്ടി വിട്ടത്. സമീപകാലത്തായി നിരവധി നേതാക്കളാണ് ബി.ആർ. എസ്. വിട്ടത്. ഇവരിൽ ഏറിയ പങ്കും കോൺഗ്രസിൽ ചേർന്നിരുന്നു.
നേരത്തേ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് കാശിറെഡ്ഢി നാരായണ റെഡ്ഢി ബി.ആർ.എസിൽനിന്ന് രാജിവെച്ചത്. നേരത്തേ മൈനാമ്പള്ളി ഹനുമാൻ റാവു എംഎൽഎ.യും പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. പിന്നീട് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു.
നാരായൺ റെഡ്ഢിയും കോൺഗ്രസിൽ ചേരാനാണ് സാധ്യത. പാർട്ടി വിടുംമുൻപ് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ദ് റെഡ്ഢിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇദ്ദേഹത്തിന് സീറ്റ് നൽകുമെന്നാണ് സൂചന.
കോൺഗ്രസ് പാർട്ടിക്കു കീഴിലാണ് തെലങ്കാനയിൽ വികസനമുണ്ടാവുക എന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനയച്ച രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തേ തെലങ്കാനയ്ക്ക് ആറ് വൻ വാഗ്ദാനങ്ങൾ സോണിയാ ഗാന്ധി ഉറപ്പുനൽകിയിരുന്നു. ഇതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
മകന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ഇടഞ്ഞാണ് ഹനുമാൻ റാവുവും മകനും പത്തുദിവസംമുൻപ് ബി.ആർ.എസ്. വിട്ടത്. പിന്നീട് ഇരുവരും കോൺഗ്രസിൽ ചേർന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ഇരുവർക്കും കോൺഗ്രസ് ടിക്കറ്റ് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന. 119 സാമാജികർ ഉൾപ്പെടുന്ന തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിനുള്ളിൽ നടക്കും.




