കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ മാനിനെ കെണിവച്ചു പിടികൂടി അറുത്ത് കറിവെക്കാൻ ശ്രമിച്ച സംഭവത്തിൽ ഓടിരക്ഷപ്പെട്ട രണ്ടുപേർ കീഴടങ്ങി. താത്കാലിക വനംവാച്ചർ ചന്ദ്രൻ, കുറുക്കന്മൂല സ്വദേശി റെജി എന്നിവരാണ് തോൽപ്പെട്ടി അസി.വൈൽഡ് ലൈഫ് വാർഡന് മുന്നിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ നാലുപേർ അറസ്റ്റിലായി.

ഇന്നലെയാണ് പുള്ളിമാനിനെ കെണിവച്ചു പിടികൂടിയത്. അറുത്ത് ഭക്ഷണം പാചകം ചെയ്യാൻ ഒരുങ്ങുന്നതിനിടെ വനംവകുപ്പ് റെയ്ഡിന് എത്തി.. സ്ഥലത്ത് ഉണ്ടായിരുന്നത് നാലുപേർ. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരെ സ്‌പേട്ടിൽ വച്ചുതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അതിൽ ചന്ദ്രൻ വനംവാച്ചറായിരുന്നു. ചന്ദ്രനും ഒപ്പം ഒളിവിൽ പോയ കുറുക്കന്മൂല സ്വദേശി റജിയും ഇന്ന് ഉച്ചയോടെ തോൽപ്പെട്ടി അസി.വൈൽഡ് ലൈഫ് വാഡഡന് മുന്നിൽ കീഴടങ്ങി.

കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെത്തിയത് 56 കിലോയോളം മാനിറച്ചി. കറിവയ്ക്കാനയി മുറിച്ചു പാകപ്പെടുത്തുമ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. തൃശ്ശിലേരിയിൽ കാട്ടിനകത്തായിരുന്നു കെണിവച്ചത്. കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവർ മുമ്പും വന്യജീവികിളെ വേട്ടയാടിയതായി വിവരമുണ്ട്. ഇതിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.