മുംബൈ: രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്ലെന്നും 'ഇന്ത്യ' സഖ്യത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രതിപക്ഷ സഖ്യത്തിൽ നേതൃത്വ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്.

'കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് വിശ്വാസ്യതയില്ല. ഇന്ത്യ സഖ്യത്തിൽ നിന്നുള്ള നേതാക്കൾക്കൊന്നും ദേശീയ ശ്രദ്ധ നേടാൻ ആകില്ല. വികസനം അവരുടെ അജണ്ടയല്ല. രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അവർക്കില്ല'- ഫഡ്നാവിസ് പറഞ്ഞു. പറഞ്ഞു.

പ്രധാനമന്ത്രിയെ എതിർക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ അജണ്ട. 'ഇന്ത്യ' സഖ്യത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ വഷളാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായെന്നും മുമ്പ് നാം മറ്റ് രാജ്യങ്ങളുടെ പിന്നാലെ പോയിരുന്നെങ്കിൽ ഇപ്പോൾ മറ്റ് വികസിത രാജ്യങ്ങൾ ഇവിടേക്ക് വരുന്നുവെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

'ഇന്ത്യ' സഖ്യത്തിനെതിരല്ലെന്നും എന്നാൽ അവർക്കു പിന്നിലുള്ള രാജ്യത്ത് അരാചകാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.