ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയെ ചുമയും ശ്വാസംമുട്ടലിനെയും തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണ്ണാമലൈയെ പരിശോധിച്ച ഡോക്ടറുമാർ അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിക്കുകയായിരുന്നു.

ഇതോടെ തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ മൂന്നാം ഘട്ട പദയാത്ര മാറ്റിവെച്ചു. ഒക്ടോബർ 16 ന് മൂന്നാം ഘട്ട പദയാത്ര തുടങ്ങാനാണ് ബിജെപി തീരുമാനം. പദയാത്ര വെള്ളിയാഴ്ച തുടങ്ങാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ബിജെപിയുടെ മൂന്നാം ഘട്ട പദയാത്ര മാറ്റുന്നത്.

നേരത്തെ ഡൽഹിയിൽ നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ അണ്ണമലൈ പോയിരുന്നു. ഇതിന് ശേഷം ചെന്നൈയിൽ തിരികെയെത്തിയ അണ്ണാമലൈ നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു.

അതേസമയം കഴിഞ്ഞാഴ്ച തമിഴ്‌നാട്ടിലെ എൻഡിഎ മുന്നണിയിൽ നിന്നും എഐഎഡിഎംകെ പിരിഞ്ഞു പോയിരുന്നു. അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയായിരുന്നു എഐഎഡിഎംകെ മുന്നണി വിട്ടത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാൽ എഐഎഡിഎംകെയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി ഒറ്റക്ക് മത്സരിച്ചാൽ ഡിഎംഡികെ, പിഎംകെ പോലുള്ള പാർട്ടികൾ പിന്തുണച്ചാലും രണ്ട് പ്രബല ദ്രാവിഡ പാർട്ടികൾക്ക് പുറമെ മൂന്നാമതൊരു മുന്നണിക്ക് എത്രത്തോളം വിജയ സാധ്യതയുണ്ടെന്ന സംശയത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ ബിജെപിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ പ്രതികരണം.