ഹിസാർ: ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം. സഹപാഠികളായ പെൺകുട്ടികൾ അപമാനിച്ചതിനെ തുടർന്നാണ് 14കാരൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ക്ലാസിലെ രണ്ട് സഹപാഠികളുടെ പീഡനത്തെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം പറയുന്നത്. ശനിയാഴ്ചയാണ് 14 വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു. രണ്ട് പെൺകുട്ടികൾ നിരന്തരം അപമാനിച്ചതിനാൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

വിഷയം നേരത്തെ ഒരു അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയെ തുടർന്ന് തിങ്കളാഴ്ച സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ രണ്ട് സഹപാഠികൾക്കും സ്‌കൂൾ അദ്ധ്യാപികയ്ക്കും എതിരെയാണ് കേസ്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും ലോക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കുൽദീപ് സിങ് പറഞ്ഞു.