ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ്ങിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഇ.ഡിക്ക് ചോദ്യം ചെയ്യാനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് ഡൽഹി റോസ് അവന്യൂ കോടതി വിട്ടത്.

10 ദിവസത്തെ കസ്റ്റഡി ഇ.ഡി ചോദിച്ചതെങ്കിലും കോടതി അഞ്ച് ദിവസം അനുവദിക്കുകയായിരുന്നു. ഡൽഹി മദ്യനയം മാറ്റാൻ സഞ്ജയ് സിങ്ങ് മൂന്ന് കോടി അഴിമതി പണം കൈപ്പറ്റിയെന്നാണ് സഞ്ജയ് സിങ്ങിനെതിരായ ആരോപണം.

ജാമ്യത്തിലിറങ്ങി മാപ്പുസാക്ഷിയായി കൂറുമാറിയ പ്രതിയും ഡൽഹി വ്യവസായിയുമായ ദിനേശ് അറോയുടെ മൊഴിയാണ് സഞ്ജയ് സിങ്ങിനെതിരെ മുഖ്യതെളിവായി ഇ.ഡി കോടതിയിൽ സമർപ്പിച്ചത്. ഈ മൊഴിക്ക് ബലം നൽകുന്ന ഡിജിറ്റൽ തെളിവുകളുണ്ടെന്നും ഇ.ഡി കോടതിയിൽ അവകാശപ്പെട്ടു.

സർവേഷ് എന്ന അറോറയുടെ ജീവനക്കാരൻ സഞ്ജയ് സിങ്ങിന്റെ വസതിയിൽ എത്തിയാണ് പണം നൽകിയതെന്ന് ഇ.ഡി ആരോപിച്ചു.