ന്യൂഡൽഹി: വനിത ജഡ്ജിമാരുടെ എണ്ണം വർധിക്കുകയാണെന്നും രാജ്യം മുഴുവൻ അതൊരു ട്രെൻഡായി മാറിക്കഴിഞ്ഞുവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വലിയൊരു സന്തോഷം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

കോടതി മുറിയിലെ പിൻനിരയിൽ നമുക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള സിവിൽ ജഡ്ജി ജൂനിയർ ഡിവിഷനിൽ നിന്നുള്ള 75 ജഡ്ജിമാരുണ്ട്. അതിൽ 42ഉം വനിതകളാണ്. 33 പുരുഷന്മാരും. രാജ്യത്തുടനീളം ഈ ട്രെൻഡ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വനിത ജഡ്ജിമാരാണ് ഇപ്പോൾ എണ്ണത്തിൽ കൂടുതലുള്ളത്.-ചന്ദ്രചൂഡ് പറഞ്ഞു.

സുപ്രീംകോടതിയിൽ വനിത ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ നടപടിവേണമെന്നും ആവശ്യമുയർന്നു. ലോക്‌സഭയിൽ പാസാക്കിയ വനിത ബില്ലിന്റെ ചുവടുപിടിച്ച് സുപ്രീംകോടതിയിലെ വനിത പ്രാതിനിധ്യം മൂന്നിൽ ഒന്നാക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ അഭ്യർത്ഥിച്ചിരുന്നു.

രാജ്യത്തെ 20 ഹൈക്കോടതികളിലായി 103 വനിത ജഡ്ജിമാരാണുള്ളത്. എന്നാൽ പട്‌ന, ഉത്തരാഖണ്ഡ്, ത്രിപുര, മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലെ കോടതികളിൽ ഒരു വനിത ജഡ്ജി പോലുമില്ല. മൊത്തം 670 പുരുഷ ജഡ്ജിമാരാണുള്ളത്.-എന്നാണ് സുപ്രീംകോടതി മുൻ ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ വികാസ് സിങ് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയത്.