- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃതമായി അരമണിക്കൂർ ലോക്കപ്പിട്ടു; അരലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഡൽഹി ഹൈക്കോടതി; പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ നിർദ്ദേശം
ന്യൂഡൽഹി: കേസിൽ അന്വേഷണം നടത്താതെ അനധികൃതമായി അരമണിക്കൂർ ലോക്കപ്പിലടയ്ക്കപ്പെട്ട വ്യക്തിക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. നഷ്ടപരിഹാരത്തുക സ്റ്റേഷനിലെ രണ്ട് പൊലീസ് ഇൻസ്‌പെക്ടർമാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നു ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് ഉത്തരവിട്ടു. അരമണിക്കൂർ ആണെങ്കിൽ പോലും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നഷ്ടപരിഹാരം നൽകണമെന്നു വിധിച്ചത്.
2022 സെപ്റ്റംബർ 2ന് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്താതെ ബദർപുർ സ്റ്റേഷനിൽ അരമണിക്കൂർ ലോക്കപ്പിൽ അടച്ചിട്ട ശേഷം വിട്ടയച്ചു എന്നായിരുന്നു പങ്കജ് കുമാർ ശർമ എന്നയാളുടെ പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് കമ്മിഷണർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണു നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്.
സംഭവം നടന്ന ദിവസം പ്രദേശത്ത് കട നടത്തുകയായിരുന്ന പങ്കജ് കുമാർ ശർമയുടെ അരികിൽ ഒരു സ്ത്രീയെത്തി തന്നെ പച്ചക്കറിക്കച്ചവടക്കാരൻ കുത്തിപ്പരുക്കേൽപിച്ചു എന്നു പറഞ്ഞു. ശർമ ഉടൻ തന്നെ ബദർപുർ സ്റ്റേഷനിൽ വിളിച്ച് വിവരം നൽകി. എന്നാൽ, സംഭവസ്ഥലത്ത് എത്തിയ പൊലീസ് ശർമയെ ജീപ്പിൽ കയറ്റിക്കൊണ്ടുപോകുകയാണു ചെയ്തത്. ഇതിനെതിരെയാണ് ശർമ ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തിൽ ബദർപുർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ രാജീവ് ഗൗതത്തിനും ഷമീം ഖാനുമെതിരെ അന്വേഷണം നടത്തി നടപടിയെടുത്തു എന്നാണു ഡൽഹി പൊലീസ് ഹൈക്കോടതിയിൽ ധരിപ്പിച്ചത്. എന്നാൽ, തങ്ങൾ നിയമത്തിന് അതീതരാണെന്നു കരുതി പ്രവർത്തിക്കുന്ന പൊലീസുകാർക്ക് ഒരു സന്ദേശം നൽകേണ്ടത് അനിവാര്യമാണെന്നു പറഞ്ഞാണ് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് വിധിച്ചത്.