ഷാജഹാൻപൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് യുവതിക്ക് വധശിക്ഷ. സുഹൃത്തിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ രമൺദീപ് കൗറിനെയാണ് ഉത്തർപ്രദേശിലെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്.

സുഹൃത്ത് ഗുർപ്രീത് സിങ്ങിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2016 സെപ്റ്റംബർ ഒന്നിനാണ് രമൺദീപ് കൗറിന്റെ ഭർത്താവ് സുഖ്ജീത് സിങ് കൊല്ലപ്പെട്ടത്. മക്കൾക്കൊപ്പം ഉറങ്ങുമ്പോൾ ഭാര്യയും കൂട്ടാളിയും ചുറ്റികകൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കോടതിവിധി.

ബസന്തപൂർ നിവാസിയായ സുഖ്ജീത് 2002ൽ ജോലിക്കായി ഇംഗ്ലണ്ടിലേക്ക് പോവുകയും ഡെർബി നിവാസിയായ രമൺദീപ് കൗറുമായി സൗഹൃദത്തിലാവുകയും 2005ൽ വിവാഹം കഴിക്കുകയുമായിരുന്നു. 2016 ജൂലൈ 28ന് അവധിക്കാലത്ത് കുടുംബം ഒന്നിച്ച് ഷാജഹാൻപൂരിലെത്തി. ഇവിടെയാണ് കൊലപാതകം നടന്നത്.