ലഖ്‌നോ: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് പത്താം ക്ലാസുകാരിയെ തള്ളിയിട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു; പെൺകുട്ടിയുടെ കൈകാലുകൾ നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം. അപകടത്തിൽ കുട്ടിയെ ഇരു കാലുകളും ഇടത് കയ്യും നഷ്ടമായിട്ടുണ്ട്. കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ രണ്ടംഗ സംഘം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുമ്പിലേക്ക് തള്ളിയിടുകയായിരുന്നു.

സംഭവത്തിൽ പ്രതികളായ യുവാക്കൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ ശല്യപ്പെടുത്താൻ ശ്രമിച്ചുവെന്നും നിരന്തരം പിന്തുടരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പ്രതികളുടെ വീട്ടിൽ വിളിച്ചും കുട്ടിയുടെ കുടുംബം വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാക്കളുടെ ശല്യമില്ലായിരുന്നെങ്കിലും ഒരാഴ്ച മുമ്പ് ഇവർ വീണ്ടും ശല്യപ്പെടുത്തിയതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

പിന്നാലെ വ്യാഴാഴ്ച യു.പിയിലെ ബറെയ്‌ലിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കുട്ടിക്ക് അടിയന്തര ചികിസ് നൽകണമെന്നും മെഡിക്കൽ പരിരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരുന്നു. ചികിത്സക്കായി അഞ്ച് ലക്ഷം രൂപയും കുട്ടിയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. യുവാക്കൾ ശല്യപ്പെടുത്തുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

പ്രണയനൈരാശ്യം മൂലം ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് എന്നായിരുന്നു അപകടത്തിന് പിന്നാലെ പൊലീസിന്റെ ആദ്യ പ്രതികരണം. ഇത് സംബന്ധിച്ച് പൊലീസ് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു. ബുധനാഴ്ച അഭിഭാക്ഷകനായ കുട്ടിയുടെ ബന്ധു യുവാക്കളാണ് സംഭവത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.