- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപിച്ചു; പിന്നാലെ നേതാക്കളുടെ കരച്ചിലും കോലം കത്തിക്കലും; തെലങ്കാന കോൺഗ്രസിൽ പ്രതിഷേധം
ഹൈദരാബാദ്: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാന കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചവരുടെ കരച്ചിലുകൾക്കും നേതാക്കളുടെ കോലം കത്തിക്കലിനും വരെ ഗാന്ധിഭവനിലെ പാർട്ടി ആസ്ഥാനം സാക്ഷിയായി. ഇതോടെ പാർട്ടി ആസ്ഥാനം പൂട്ടിയിടാൻ നേതൃത്വം നിർബന്ധിതരായി.
തെലങ്കാന പി.സി.സി വൈസ് പ്രസിഡന്റ് മല്ലു രവിയുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തുന്നതിനായി ഒരു സംഘം ഗാന്ധിഭവനിലേക്ക് ഇരച്ചുകയറുകയായിരുന്നു. പിന്നാലെ, അദ്ദേഹത്തിന് വാർത്താസമ്മേളനം പൂർത്തിയാക്കാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ കോലം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളും പാർട്ടി ആസ്ഥാനത്ത് നടന്നു.
തന്റെ രാഷ്ട്രീയ എതിരാളിയായ എം പരമേശ്വർ റെഡ്ഡി ഉപ്പലിൽ മത്സരിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉപ്പലിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച റാഗിഡി ലക്ഷ്മ റെഡ്ഡി പൊട്ടിത്തെറിച്ചു. രേവന്ത് റെഡ്ഡിയെ ഞാൻ ഭയക്കുന്നില്ല. പാർട്ടി തളർന്നപ്പോഴും പുറത്തായപ്പോഴും ഇവിടെ പാർട്ടി കെട്ടിപ്പടുത്തു. നിങ്ങൾ പിസിസി തലവനായതിനാൽ ബഹുമാനം നൽകി. പക്ഷേ നിങ്ങൾ എന്നെ പുറത്താക്കിയത് പുറത്തുനിന്നുള്ള പുതുമുഖത്തിന് വേണ്ടിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
'രേവന്ത് ഹഠാവോ, കോൺഗ്രസ് ബച്ചാവോ' എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തുടനീളം പ്രചാരണം ആരംഭിക്കുമെന്ന് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച സോമശേഖർ റെഡ്ഡി പറഞ്ഞു. രേവന്ത് റെഡ്ഡിയെ എതിർക്കുന്നവർ തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റ് നിരവധി പ്രദേശങ്ങളിലും സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്.
മറ്റ് പാർട്ടികളിൽ നിന്ന് അടുത്തിടെ ചേർന്ന 12 പേരുടെ സ്ഥാനാർത്ഥിത്വമാണ് പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവച്ചത്. മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ കാണാൻ പോയത് കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെടി രാമറാവു അദ്ദേഹത്തിന്റെ വീട്ടിലെത്തി കെസിആറിനെ കണ്ട് പാർട്ടിയിൽ ചേരാൻ ക്ഷണിച്ചിരുന്നു.
ഞായറാഴ്ചയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനർഥികളുടെ ആദ്യപട്ടിക കോൺഗ്രസ് പുറത്തുവിട്ടത്. ആകെ 55 പേരാണ് ആദ്യപട്ടികയിൽ ഇടംപിടിച്ചത്. റെഡ്ഡി സമുദായത്തിന് പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ളതാണ് ആദ്യ പട്ടിക. 55 പേരുടെ പട്ടികയിൽ 17 പേരും റെഡ്ഡി സമുദായത്തിൽപ്പെട്ടവരാണ്.
മറുനാടന് മലയാളി ബ്യൂറോ