ന്യൂഡൽഹി: മിസോറാമിൽ ഒരു മണ്ഡലം ഒഴിച്ച് ബാക്കി 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ ലാൽ സോത്തയടക്കമുള്ളവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്നലെ മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

മിസോറം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നവംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഈ അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ വിവിധഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക വൈകുന്നത് വിമർശനത്തിനിടയാക്കിയിരുന്നു.

അതേസമയം അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയിൽ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്‌ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലുമാണ് കോൺഗ്രസ് ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ചിന്ദ്വാരയിൽനിന്നായിരിക്കും മത്സരിക്കുക.

ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽനിന്നും ഛത്തീസ്‌ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരിൽനിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി കോടങ്കലിൽ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയിൽ നടനായ വിക്രം മസ്താലിനെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

എന്നാൽ രാജസ്ഥാനിലെ ഉൾപ്പെടെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വൈകാതെ രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.