ന്യൂഡൽഹി: 28 വർഷത്തിനു മുമ്പ് തപാൽ വകുപ്പിൽ ജോലിക്ക് അപേക്ഷിച്ചയാൾക്ക് സുപ്രീം കോടതിയുടെ ഇടപെടലിൽ നിയമനോത്തരവ്. യുപി സ്വദേശിയായ അങ്കൂർ ഗുപ്തയ്ക്കാണ് 28 വർഷത്തിനു ശേഷം പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിൽ സുപ്രീംകോടതി ഇടപെടലിൽ നിയമനം ലഭിച്ചത്. ഇദ്ദേഹത്തിന് നിയമനം നിഷേധിക്കാൻ അയോഗ്യനാക്കിയ നടപടിയിൽ പിഴവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

പോസ്റ്റൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 1995ൽ ആണ് അങ്കൂർ അപേക്ഷ നൽകിയത്. തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു പരിശീലനവും നൽകി. ഇതിനു ശേഷമാണു വൊക്കേഷനൽ വിഭാഗത്തിൽ നിന്നു പഠിച്ചുവന്നതാണെന്നു ചൂണ്ടിക്കാട്ടി അയോഗ്യനാക്കിയത്. ഇതിനെതിരെ അങ്കൂർ കേന്ദ്ര ഭരണ ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനെതിരെ തപാൽ വകുപ്പ് ആദ്യം അലഹാബാദ് ഹൈക്കോടതിയെയും പിന്നീടു സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതി ഇയാൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുക ആയിരുന്നു.

അതേസമയം, ഒരാൾ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടുവെന്നതുകൊണ്ട് അയാൾക്കു നിയമനത്തിനുള്ള സ്ഥാപിതാവകാശം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമിക്കപ്പെടാനുള്ള പരിമിതമായ അവകാശവും ന്യായമായി പരിഗണിക്കപ്പെടാനുള്ള അർഹതയുമാണു മെറിറ്റ് പട്ടികയിലുൾപ്പെടുമ്പോൾ ഉള്ളതെന്നു വ്യക്തമാക്കിയ കോടതി അങ്കൂറിനെ അയോഗ്യനാക്കിയ രീതിയിലാണു വീഴ്ച കണ്ടെത്തിയത്.

ന്യായമായ കാരണം വ്യക്തമാക്കാതെ ഒരാളെ മെറിറ്റ് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നും അങ്കൂറിന്റെ കാര്യത്തിൽ ഇതാണു സംഭവിച്ചതെന്നും കോടതി വിലയിരുത്തി. സവിശേഷ അധികാരം ഉപയോഗിച്ച കോടതി, അങ്കൂറിനെ ഒരുമാസത്തിനകം പോസ്റ്റൽ അസിസ്റ്റന്റായി നിയമിക്കാൻ ഉത്തരവിട്ടു. ആവശ്യമെങ്കിൽ അധിക തസ്തിക സൃഷ്ടിക്കണം. പ്രൊബേഷൻ തീരുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തണം. അതേസമയം, 1995 മുതലുള്ള സീനിയോറിറ്റി, ശമ്പളാനുകൂല്യം എന്നിവ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.