ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായിരുന്ന യൂനുസ് ഖാൻ ബിജെപിയിൽ നിന്നും രാജിവച്ചു. പാർട്ടി വിടുന്നു എന്ന് അറിയിച്ചതിന് പിന്നാലെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 58 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയാണ് ബിജെപി. പുറത്തിറക്കിയത്.

രാജസ്ഥാനിലെ ദിദ്വാന മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന യുനുസ് ഖാന്റെ ആവശ്യം ബിജെപി. അംഗീകരിച്ചിരുന്നില്ല. മൂന്നാം സ്ഥാനാർത്ഥി പട്ടികയിലും തന്റെ പേര് ഉൾപ്പെടാത്തതിന് പിന്നാലെ അദ്ദേഹം മണ്ഡലത്തിൽ വൻ റാലി സംഘടിപ്പിച്ചിരുന്നു. തുടർന്ന് പാർട്ടിവിടുന്നതായും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

ദിദ്വാനയിൽ നിന്ന് നേരത്തെ രണ്ടുതവണ യൂനിസ് ഖാൻ എംഎ‍ൽഎ. ആയിരുന്നു. 2018-ൽ സച്ചിൻ പൈലറ്റിനെതിരേ ടോങ്കിൽ അദ്ദേഹം മത്സരിച്ചിരുന്നു. ഇത്തവണ ജിതേന്ദ്ര സിങ് ജോദ്ധയാണ് ദിദ്വാനയിലെ ബിജെപി. സ്ഥാനാർത്ഥി. 2018-ലും ജിതേന്ദ്ര സിങ് ദിദ്വാനയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ചേർതൻ ദുദിയോട് പരാജയപ്പെട്ടിരുന്നു.