ന്യൂഡൽഹി: രാഹുൽഗാന്ധിക്കെതിരെ അപകീർത്തിക്കേസ് നൽകിയ ഗുജറാത്ത് എംഎ‍ൽഎ. പൂർണേഷ് മോദിക്ക് പുതിയ സംഘടനാ ചുമതല നൽകി ബിജെപി നേതൃത്വം. ദാദ്ര നാഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ചുമതലയാണ് നൽകിയത്. പൂർണേഷ് മോദിയെ പ്രദേശ് പ്രഭാരിയായും ദുഷ്യന്ത് പട്ടേലിനെ സഹപ്രഭാരിയായും നിയമിച്ചു.

തെക്കൻ ഗുജറാത്തിലെ പാർട്ടിയുടെ ഒ.ബി.സി. മുഖമായ പൂർണേഷ് മോദി സൂറത്ത് വെസ്റ്റിൽനിന്നുള്ള എംഎ‍ൽഎയാണ്. അഭിഭാഷകൻ കൂടിയായ ഇദ്ദേഹം മൂന്ന് തവണ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013-ൽ ആദ്യമായി നിയമസഭയിൽ എത്തിയ ഇദ്ദേഹം 2022-ലെ തിരഞ്ഞെടുപ്പിൽ ഒരുലക്ഷത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്.

2021-ൽ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ ഗതാഗത- വ്യോമയാന- ടൂറിസം- തീർത്ഥാടക വികസന മന്ത്രിയായിരുന്നു. കോലാറിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ പൂർണേഷ് മോദി നൽകിയ പരാതിയിൽ രാഹുൽഗാന്ധിയെ വിചാരണക്കോടതി തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ അയോഗ്യനാക്കി. രാഹുലിനെ കുറ്റക്കാരനായി കണ്ടുള്ള ശിക്ഷാവിധി കഴിഞ്ഞ ജൂലായിൽ സുപ്രീംകോടതി സ്റ്റേ ചെയ്തു.