- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാനയിലെ മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധം; ബിജെപി അധികാരത്തിലെത്തിയാൽ മതത്തിന്റെ പേരിലുള്ള സംവരണം അവസാനിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ്
ഹൈദരാബാദ്: തെലങ്കാനയിലെ മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധമാണെന്നും ബിജെപിയെ അധികാരത്തിലെത്തിച്ചാൽ മതത്തിന്റെ പേരിലുള്ള സംവരണം അവസാനിപ്പിക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെലങ്കാനയിലെ കുമരം ഭീം ആസിഫാബാദ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി.
'തെലങ്കാനയിലെ മുസ്ലിം സംവരണം ഡോ. ബി.ആർ. അംബേദ്കർ നിർമ്മിച്ച ഭരണഘടനയെ അപമാനിക്കുന്നതാണ്. അത് നടപ്പാക്കാൻ ഒരു വിധത്തിലും അനുവദിക്കരുത്. എന്നാൽ, ബി.ആർ.എസും കോൺഗ്രസും രാജ്യത്തെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കുകയാണ്' -യോഗി പറഞ്ഞു.
വൃത്തികെട്ട പ്രീണന രാഷ്ട്രീയമാണ് തെലങ്കാനയിൽ കാണുന്നത്. സമൂഹത്തെ എത്രത്തോളം ഭിന്നിപ്പിക്കാമെന്നാണ് ബി.ആർ.എസ് സർക്കാർ മുസ്ലിം സംവരണം പ്രഖ്യാപിച്ചതിലൂടെ കാണിച്ചുതന്നിരിക്കുന്നത്. പട്ടികജാതി, വിഭാഗക്കാരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മുസ്ലിം സംവരണത്തിലൂടെ നടപ്പാകുന്നത്. ഇത് ഭരണഘടാവിരുദ്ധമാണ്. തെലങ്കാനയിൽ ബിജെപിയെ അധികാരത്തിലെത്തിച്ചാൽ മതത്തിന്റെ പേരിലുള്ള സംവരണം അവസാനിപ്പിക്കും -യോഗി പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ നാല് ശതമാനം സംവരണം ബിജെപി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ തെലങ്കാനയിൽ പ്രസ്താവിച്ചിരുന്നു. തെലങ്കാനയിൽ മുസ്ലിംകൾക്ക് നൽകുന്ന നാല് ശതമാനം സംവരണം നിർത്തലാക്കുകയും, പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും ഇത് നൽകുമെന്നുമാണ് അമിത് ഷാ പറഞ്ഞത്.
അതേസമയം, തെലങ്കാനയിൽ വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലിം യുവതക്കായി പ്രത്യേക ഐ.ടി പാർക്കുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഭാരത് രക്ഷ സമിതി (ബി.ആർ.എസ്) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചിരുന്നു. നവംബർ 30ന് നടക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിൽ ഇത്തവണയും മുസ്ലിം വോട്ടുകൾ നിർണായകമാണ്. 119 മണ്ഡലങ്ങളിൽ 45 ഇടത്തെ വിധി നിർണയിക്കാൻ മുസ്ലിം വോട്ടർമാർക്കാകുമെന്നാണ് വിലയിരുത്തൽ.
തെലങ്കാനയിൽ നവംബർ 30നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബി.ആർ.എസ് (അന്ന് ടി.ആർ.എസ്) 119 സീറ്റുകളിൽ 88 എണ്ണം നേടിയാണ് അധികാരത്തിലെത്തിയത്.
മറുനാടന് ഡെസ്ക്