തിരുവനന്തപുരം: ശ്രീനഗർ-ലേ ദേശീയപാതയിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം സംസ്ഥാന സർക്കാർ നാട്ടിലെത്തിക്കും. ഇതിനായി ഡൽഹിയിൽനിന്ന് മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് തിരിച്ചതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. ആവശ്യമെങ്കിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം വിമാനമാർഗം ഡൽഹിയിലോ കേരളത്തിലോ എത്തിച്ച് വിദഗ്ധചികിത്സ നൽകും.

എത്രയും പെട്ടെന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ആശയവിനിമയ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് നോർക്ക ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് അതിവേഗം പോയത്. ചിറ്റൂർ ജെ.ടി.എസിനു സമീപം നെടുങ്ങോട് സുന്ദരന്റെ മകൻ എസ്. സുധീഷ് (32), രാജേന്ദ്രന്റെ മകൻ ആർ. അനിൽ (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ എസ്. വിഗ്നേഷ് (24), ഡ്രൈവർ കശ്മീരിലെ സത്രീന കൻഗൻ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. ചിറ്റൂർ സ്വദേശികളായ മഹാദേവന്റെ മകൻ മനോജ് (24), കൃഷ്ണന്റെ മകൻ കെ. രാജേഷ് (30), കറുപ്പുസ്വാമിയുെട മകൻ കെ. അരുൺ (26) എന്നിവർക്കാണ് പരിക്ക്. ഇതിൽ മനോജിന്റെ പരിക്ക് ഗുരുതരമാണ്.

ചൊവ്വാഴ്ച നിമാത സോജിലാ പാസിൽനിന്ന് സോന്മാർഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയിൽ മോർഹ് എന്ന പ്രദേശത്താണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സോന്മാർഗ് പൊലീസും എസ്.ഡി.ആർ.എഫും മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദേശീയപാതയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.