- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂരിൽ നിന്നും ബുധനാഴ്ച കാണാതായ നാലു പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരിൽ അച്ഛനും മകനും: മൃതദേഹങ്ങൾ കണ്ടെടുത്തത് മലയടിവാരത്തു നിന്നും: കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നു
ഗുവാഹത്തി: മണിപ്പൂരിൽ നിന്നും ബുധനാഴ്ച കാണാതായ നാലുപേരിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. മെയ്തി വിഭാഗത്തിൽ നിന്നുള്ളവരെയാണ് മരിച്ച നിലിൽ കണ്ടെത്തിയത്. ഇവരിൽ രണ്ടുപേർ അച്ഛനും മകനുമാണ്. ബിഷ്ണുപുർ ജില്ലയിലെ കുംബി ഹോടക് ഗ്രാമത്തിൽ നിന്നുള്ള ഇബോംച സിങ് (51), മകൻ ആനന്ദ് സിങ് (20), ഇവരുടെ അയൽവാസിയായ റോമൻ സിങ് (38) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കാണാതായ ദാരാ സിങ് എന്നയാൾക്കായി സുരക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തുകയാണ്. ഇവർ താമസിക്കുന്ന ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മലയടിവാരത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം മരണകാരണമെന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവരുടെ മൃതദേഹങ്ങൾ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി.
മെയ്തി വിഭാഗക്കാർ കൂടുതലായുള്ള ബിഷ്ണുപുർ ജില്ലയുടെയും കുംകി വിഭാഗത്തിന് കൂടുതൽ പ്രാതിനിധ്യമുള്ള ചുരചന്ദപുർ ജില്ലയുടെയും അതിർത്തി പ്രദേശത്താണ് ഇവരുടെ ഗ്രാമം. അടുത്തുള്ള കുന്നിൽ നിന്ന് വിറക് ശേഖരിക്കാനായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നാലുപേരും വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ തിരച്ചിൽ നടത്തി.
ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ ജില്ലാ അതിർത്തിയിൽ വെടിവെപ്പ് നടന്നിരുന്നു. എട്ടുമാസത്തോളമായി മണിപ്പൂരിൽ തുടരുന്ന കലാപത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നിട്ടുണ്ട്.