ചെന്നൈ: 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്‌നാട് വെട്രി കഴകം പ്രവർത്തിക്കണമെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ്. വിജയ്യെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും ബുസി ആനന്ദ് പറയുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് വിവരം. ആദ്യം തെക്കൻ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ആലോചിക്കുന്ന അദ്ദേഹം, പാർട്ടിയുടെ ആദ്യ സമ്മേളനം തിരുനെൽവേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും പറയപ്പെടുന്നു. ആദ്യ സമ്മേളനത്തിൽ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഔദ്യോഗിക ചിഹ്നവും കൊടിയും പുറത്തുവിടുകയും ചെയ്യും.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാനൊരുങ്ങുകയാണ് വിജയ്. ഈ മാസം രണ്ടിനാണ് വിജയ് തന്റെ പാർട്ടിയുടെ പേര് (തമിഴക വെട്രി കഴകം) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടിയുടെ എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചെന്നൈയിൽ ചേർന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിജയ് ആരാധകരുടെ നേതാവ് ബിസി ആനന്ദാണ് യോഗത്തിൽ അദ്ധ്യക്ഷനായത്. താരം നേരിട്ട് യോഗത്തിൽ പങ്കെടുത്തില്ല. ചെന്നൈയിൽ ഇല്ലാത്തതിനാൽ ഓൺലൈൻ വഴിയാണ് വിജയ് യോഗത്തെ അഭിസംബോധന ചെയ്തത്.

പാർട്ടിയിലെ ഭാരവാഹികൾക്ക് പുറമേ കേരളത്തിൽ നിന്നുള്ള വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട് കഴിഞ്ഞാൽ താരത്തിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംസ്ഥാനം കൂടിയാണ് കേരളം. അതിനാൽ തന്നെ കേരളത്തെയും വിജയ് തന്റെ രാഷ്ട്രീയ യാത്രയിൽ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന.അഞ്ച് മിനിട്ടോളം താരം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിൽ വിജയ് തന്റെ സങ്കടവും രേഖപ്പെടുത്തി, ജനങ്ങളെ കാണുമ്പോൾ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും കേൾക്കണം. ഒരിക്കലും വിമർശനത്തിൽ തളരരുതെന്ന് പാർട്ടി ഭാരവാഹികളോട് വിജയ് പറഞ്ഞു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രവർത്തനം ആരംഭിക്കണം. നാട്ടിലെ 80 വയസ് കഴിഞ്ഞവർക്ക് പോലും പാർട്ടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്ന രീതിയിലായിരിക്കണം അത് ചെയ്യേണ്ടതെന്നും താരം യോഗത്തിൽ വ്യക്തമാക്കി.