ശ്രീഹരിക്കോട്ട: കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനത്തിലെ (ഇൻസാറ്റ്) ശ്രേണയിലേക്കുള്ള ഏറ്റവും അത്യാധുനിക ഉപഗ്രഹമായ ഇൻസാറ്റ്3 ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. 27.5 മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ പൂർത്തിയാക്കി വൈകിട്ട് 5.35നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവിഎഫ്14 റോക്കറ്റാണ് 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചുയർന്നത്.

ജിഎസ്എൽവിഎഫ്14 ഇൻസാറ്റ്3ഡിഎസ് ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. 2014ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ഡി, 2016ൽ വിക്ഷേപിച്ച ഇൻസാറ്റ് 3 ഡിആർ എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ് ഇൻസാറ്റ് 3 ഡിഎസ്. എർത്ത് സയൻസസ് മന്ത്രാലയമാണ് വിക്ഷേപണത്തിന്റെ പൂർണ ചെലവും വഹിച്ചിരിക്കുന്നത്. ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥാപിക്കുന്ന ഉപഗ്രഹം വരും ദിവസങ്ങളിൽ ഭ്രമണ പഥം ഉയർത്തി ജിയോ സ്റ്റേഷണറി ഓർബിറ്റിലെത്തിക്കും.

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങലുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസർച്ച് ആൻഡ് റെസ്‌ക്യൂ സർവീസസിനുള്ള പിന്തുണ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപിക്കുന്നത്.

19 മിനിറ്റിനുള്ളിൽ 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്കു (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) എത്തിച്ചു. 2013 ജൂലൈ 25ന് വിക്ഷേപിച്ച ഇൻസാറ്റ്3ഡി, 2016 സെപ്റ്റംബർ 8ന് വിക്ഷേപിച്ച ഇൻസാറ്റ്3ഡിആർ എന്നിവയുടെ തുടർച്ചയാണ് ഇൻസാറ്റ്3ഡിഎസ്.

കാലാവസ്ഥാ നിരീക്ഷണം, സമുദ്രങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടെയുള്ളവ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയാണ് ഇവയുടെ ദൗത്യം. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടിയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ഇൻസാറ്റ്3 ഡിഎസ് വിക്ഷേപിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾക്ക് ഇതിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാം.