ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയും മുന്മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളും നേതൃത്വവുമാണ് മഹേന്ദ്രജീത്തിനെ ബിജപിയിലേക്ക് എത്താൻ പ്രേരിപ്പിച്ചതെന്ന് സിപി ജോഷി പറഞ്ഞു. മോദിയുടെ നയങ്ങൾ ആദിവാസി മേഖലയിൽ വലിയ മാറ്റത്തിന് കാരണമായെന്നും ഇന്ത്യയുടെ പ്രഥമസ്ഥാനത്ത് ദ്രൗപദി മുർമുവിനെ പോലെ ഒരാൾക്ക് എത്താൻ കഴിഞ്ഞതെന്നും മാളവ്യ പറഞ്ഞു. കോൺഗ്രസ് ചില വ്യക്തികളിലേക്ക് മാത്രമൊതുങ്ങുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയായിരുന്നു ആദ്യ കാലത്ത് കോൺഗ്രസ് നിലയുറപ്പിച്ചിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരുന്നു.കോൺഗ്രസിൽ താൻ അതൃപ്തനാണെന്ന് മാളവ്യ ദിവസങ്ങൾക്ക് മുൻപു വ്യക്തമാക്കിയിരുന്നു. അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനായിരുന്ന മാളവ്യ ബഗിഡോറയിൽ നിന്നുള്ള എംഎൽഎയാണ്.