- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജഹാൻ ശൈഖിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ തൊഴിലാളികളായ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം അടക്കം നിരവധി കേസുകളിലെ മുഖ്യപ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാജഹാൻ ശൈഖിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാൻ ശൈഖിനും കൂട്ടാളികൾക്കുമെതിരെയുള്ളത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബുധനാഴ്ച അർധരാത്രിയോടെ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നത്. ഷാജഹാൻ ശൈഖിനെ അറസ്റ്റ്‌ചെയ്യാൻ സംസ്ഥാന പൊലീസിനുപുറമേ ഇ.ഡി.ക്കും സിബിഐ.ക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബംഗാൾ പൊലീസ് ഇയാളെ പിടികൂടിയത്. ഷാജഹാൻ ശൈഖിന്റെ അനുയായികൾ സ്തീകളെ പാർട്ടി ഓഫീസിൽ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകളുടെ ഗുരുതര ആരോപണങ്ങളിൽ പ്രധാനപ്പെട്ടത്. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനൽകാതെ മർദിക്കുന്നെന്നും സ്ത്രീകൾ ആരോപിച്ചിരുന്നു.
സസ്പെൻഷനിലായതോടെ പാർട്ടിയിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും ചുമതലകളിൽനിന്നും ഷാജഹാൻ ഒഴിവാക്കപ്പെടും. തൃണമൂൽ നേതാക്കളായ ഡെരെക് ഒബ്റിയാൻ, ബ്രത്യ ബസു എന്നിവർചേർന്ന് പത്രസമ്മേളനത്തിലൂടെയാണ് ഷാജഹാൻ ശൈഖിനെ സസ്പെൻഡ് ചെയ്തതായുള്ള വിവരം അറിയിച്ചത്. ഷാജഹാനെതിരായ കേസിനെ മുൻനിർത്തി തൃണമൂൽ കോൺഗ്രസിനെ മനഃപൂർവം പ്രതിരോധത്തിലാക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് ഇവർ കുറ്റപ്പെടുത്തി.
അറസ്റ്റിലായ നേതാവിനെ സസ്പെൻഡ് ചെയ്താണ് തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ പ്രതിപദ്ധത കാണിച്ചതെന്നും ഇതിന് ബിജെപി സർക്കാരും തയ്യാറാകണമെന്നും തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു. ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ്ഭൂഷണെ സസ്പെൻഡ് ചെയ്യാൻ ബിജെപി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പശ്ചിമബംഗാൾ സന്ദർശിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികളെന്നതും ശ്രദ്ധേയമാണ്.



