ബെംഗളൂരു: കർണാടകയിൽ സർക്കാർ അനുവദിച്ചു നൽകിയ ഭൂമി കയ്യേറിയത് ചോദ്യം ചെയ്തതിന് യുവതിയെ മർദ്ദിച്ച് അർദ്ധനഗ്‌നയാക്കി ഗുണ്ടാ സംഘം. ബെലഗവി ജില്ലയിലെ കഗവാഡയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദാരുണ സംഭവം നടന്നത്. യുവതിക്കും കുടുംബത്തിനും സർക്കാർ അനുവദിച്ചു നൽകിയ ഭൂമി, ഭൂ മാഫിയകൾ കയ്യേറ്റം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവതിയെ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയും അർദ്ധനഗ്‌നയാക്കുകയുമായിരുന്നു.

യുവതിയുടെ ഭർത്താവായ രാമപ്പയുടെ കൈവശമുണ്ടായിരുന്ന 3 ഏക്കർ ഭൂമിയാണ് ഗുണ്ടകൾ കയ്യേറിയത്. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമിടയിൽ സംഘർഷം നിലനിന്നിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ പ്രകോപിതരായ ഗുണ്ടകൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഇവരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു.