ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോകുന്നതിന് പണം നൽകാത്തതിന്റെ ദേഷ്യത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി അമ്മയുടെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രയിലെ വിജയവാഡയിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്വന്ത് റെഡ്ഡി(20)യാണ് അമ്മാവന്റെ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യ(40)യെ ആണ് കൊലപ്പെടുത്തിയത്.

ഫെബ്രുവരി 12 മുതൽ സുകന്യയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ഗോവ യാത്രയ്ക്കു പണം ചോദിക്കുന്നതിനായി ജസ്വന്ത് 12ന് വിജയവാഡയിൽ നിന്ന് സുകന്യയുടെ വീട്ടിലെത്തിയിരുന്നു. പണം നൽകാൻ സുകന്യ തയ്യാറായില്ല. ഇതോടെ, സുകന്യയുടെ കഴുത്തിൽ കിടന്ന മാല കവർന്നെടുക്കാനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബെന്നാർഘട്ടെയിലെ വിജനമായ പ്രദേശത്തുകൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു.

ദിവസങ്ങൾക്ക് ശേഷം മൃതദേഹം ബെന്നാർഘട്ടെക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രോണിക് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.