കശ്മിർ: ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ സഞ്ചരിച്ച സംഭവത്തിൽ കർശന നടപടിയുമായി റെയിൽവെ അധികൃതർ. ലോക്കോ പൈലറ്റിനെ നോർത്തേൺ റെയിൽവേ സർവീസിൽ നിന്ന് നീക്കം ചെയ്തു. ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെയാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. അച്ചടക്ക അഥോറിറ്റിയായ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ (ഡിഎംഇ) ആണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്.

ഫെബ്രുവരി 25 ന് രാവിലെ 7.10 ഓടെയായിരുന്നു സംഭവം. കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിക്കുകയായിരുന്നു. 53 ബോഗികൾ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് തനിയെ ഓടിയത്. റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപടലും വേഗത്തിലുള്ള നീക്കങ്ങളും കാരണമാണ് വൻ ദുരന്തം ഒഴിവായയത്. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.

സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ (ഡിഎംഇ) നൽകിയ നോട്ടീസിൽ, ലോക്കോ പൈലറ്റായ സന്ദീപ് കുമാർ, റെയിൽവേ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തന്റെ ചുമതലകൾ നിറവേറ്റുന്നതിലും സുരക്ഷിതമായ നടപടികൾ പാലിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. ലോക്കോ പൈലറ്റിന്റെ തെറ്റായ നടപടിക്രമങ്ങൾ 53 വാഗണുകൾക്കൊപ്പം ട്രെയിനിന്റെ അനിയന്ത്രിതമായ ചലനത്തിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതായും അറിയിപ്പിൽ വ്യക്തമാക്കുന്നു.

സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ (ഡിഎംഇ)സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ റെയിൽവേയുടെ , പ്രത്യേകിച്ച് വടക്കൻ റെയിൽവേയുടെ സുരക്ഷാ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് നോട്ടീസിൽ പറയുന്നു. ചീഫ് ലോക്കോ ഇൻസ്പെക്ടർമാരും (സിഎൽഐ) ഉദ്യോഗസ്ഥരും ആവർത്തിച്ച് കൗൺസിലിങ് നടത്തിയിട്ടും, ലോക്കോ പൈലറ്റ് ശരിയായ നടപടിക്രമങ്ങൾ അവഗണിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി ട്രെയിനുകൾക്ക് കാലതാമസമുണ്ടാക്കുകയും ചെയ്തുവെന്നും നോട്ടീസിൽ പറയുന്നു.

ജമ്മുവിലെ കത്വയിൽ 14806 ആർ എന്ന ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റ് നിർത്തിയിടുകയായിരുന്നു. പിന്നീട് ഡ്രൈവർ ട്രെയിനിൽ നിന്ന് ഇറങ്ങി ഹാൻഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാൻ പോയി. അതിനിടെ, ട്രെയിൻ പെട്ടെന്ന് നീങ്ങുകയും, ഒടുവിൽ വേഗത കൂട്ടി ഓടാൻ തുടങ്ങുകയുമായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെ വ്യാപകമായ പരിശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുകേറിയനിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിൻ നിർത്തിച്ചു.

സംഭവത്തെ തുടർന്ന് ലോക്കോ പൈലറ്റ് ഉൾപ്പെടെ ആറ് പേരെ നോർത്തേൺ റെയിൽവേ സസ്‌പെൻഡ് ചെയ്യുകയും ഉന്നതതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഉത്തരവാദിത്തം ഉറപ്പാക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ ഉണ്ടായേക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.