- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കണമെന്ന് നരേന്ദ്ര മോദി
കൊൽക്കത്ത: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായമായി മാറിയെന്നും ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ കൃഷ്ണനഗറിൽ ബിജെപിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ഇനിയും തൃണമൂൽ കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ അവർ ജനങ്ങളെ കൂടുതൽ അടിച്ചമർത്തും. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ പാർട്ടിയാണ് തൃണമൂൽ കോൺഗ്രസെന്നും മോദി കുറ്റപ്പെടുത്തി.
'പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കണം. ഈ ആൾക്കൂട്ടം എൻഡിഎ സർക്കാർ 400 സീറ്റു നേടുമെന്ന ആത്മവിശ്വാസം നൽകുന്നുണ്ട്. സന്ദേശ്ഖാലിയിൽ അമ്മമാരും സഹോദരിമാരും അനുഭവിച്ച കഷ്ടപ്പാടുകൾ നമ്മൾ കണ്ടതാണ്. അവർ നിലവിളിച്ചിട്ടും തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കണ്ണു തുറന്നില്ല. ബിജെപി നേതാക്കളുടെ സമ്മർദ്ദത്തിനൊടുവിലാണ് സന്ദേശ്ഖാലിയിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായത്' നരേന്ദ്ര മോദി പറഞ്ഞു.
രണ്ടുദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ മോദി ഇന്നലെ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് മമതയെ പേരെടുത്തു പറഞ്ഞ് മോദി ആക്രമിച്ചിരിക്കുന്നത്. ഇന്നലത്തേത് പ്രോട്ടോക്കോൾ അനുസരിച്ചുള്ള കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞത്.