ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ 2023 ഒക്ടോബർ 29ന് ഉണ്ടായ ട്രെയിനപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും ട്രെയിൻ കൂട്ടിയിടിക്കുന്ന സമയത്ത് മൊബൈൽ ഫോണിൽ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്നാണ് മന്ത്രി ശനിയാഴ്ച വെളിപ്പെടുത്തിയത്. പതിനാല് യാത്രികരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്.

ഹൗറ-ചെന്നൈ പാതയിൽ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ വച്ച് രായഗഡ പാസഞ്ചർ വൈകിട്ട് ഏഴ് മണിക്ക് വിശാഖപട്ടണം പലാസ ട്രെയിനിലേക്ക് പിന്നിൽ നിന്ന് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ 50 ഓളം യാത്രക്കാർക്കാണ് പരിക്കേറ്റിരുന്നത്. ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്ന പുതിയ സുരക്ഷാ നടപടികളെക്കുറിച്ച് സംസാരിക്കവെയാണ് വൈഷ്ണ ആന്ധ്രാ ട്രെയിൻ അപകട കാരണം വ്യക്തമാക്കിയത്.

'ലോക്കോ പൈലറ്റും കോ-പൈലറ്റും ക്രിക്കറ്റ് മത്സരം കണ്ട് ശ്രദ്ധ തെറ്റിയതിനാലാണ് ആന്ധ്രാപ്രദേശിൽ അടുത്തിടെയുണ്ടായ സംഭവം. അത്തരത്തിലുള്ള ശ്രദ്ധാശൈഥില്യം കണ്ടെത്താനും പൈലറ്റുമാരും അസിസ്റ്റന്റ് പൈലറ്റുമാരും ട്രെയിൻ ഓടുന്നതിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഞങ്ങൾ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യുന്നത്' മന്ത്രി വൈഷ്ണവ് പിടിഐയോട് പറഞ്ഞു. സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഓരോ സംഭവത്തിന്റെയും മൂലകാരണം കണ്ടെത്താൻ ശ്രമിക്കുന്നു, അത് ആവർത്തിക്കാതിരിക്കാൻ പരിഹാരം കണ്ടെത്തുന്നു' മന്ത്രി പറഞ്ഞു.

ആന്ധ്ര ട്രെയിനപകടത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷണർമാർ (സിആർഎസ്) നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല. എന്നാൽ അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞ് നടത്തിയ പ്രാഥമിക റെയിൽവേ അന്വേഷണത്തിൽ രായഗഡ പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണ് കൂട്ടിയിടിക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയിരുന്നു. സിഗ്നൽ മറികടന്നുപോയത് മൂലമുണ്ടായ അപകടത്തിൽ രണ്ട് ജീവനക്കാരും മരിച്ചിരുന്നു.