ഔറംഗബാദ്: ബിജെപി നയിക്കുന്ന എൻഡിഎയിൽ എക്കാലവും തുടരുമെന്ന് ബീഹാർ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി നിതീഷ് കുമാർ. 21,400 കോടി രൂപയുടെ പദ്ധതി അനാച്ഛാദന ചടങ്ങിൽ വച്ചായിരുന്നു ഉറപ്പു നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400റിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിതേഷ് കുമാർ പറഞ്ഞു.

'മോദി നേരത്തെ ബിഹാറിൽ വന്നിരുന്നു. എന്നാൽ ഞാൻ കുറച്ചുകാലത്തേക്ക് എൻഡിഎയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും നിങ്ങളോടൊപ്പമുണ്ട്. ഞാൻ എക്കാലവും എൻഡിഎയിൽ തന്നെ തുടരുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു.

ഞങ്ങൾ പ്രധാനമന്ത്രിയെ ബീഹാറിലേക്ക് സ്വാഗതം ചെയ്യുന്നു. ധാരാളം സംഭവ വികാസങ്ങൾ ബിഹാറിൽ നടക്കുന്നുണ്ട്. ഇപ്പോൾ കാര്യങ്ങൾ വേഗത്തിൽ നീങ്ങുമെന്നും ബിഹാർ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്നും ഉറപ്പുണ്ട്. ബീഹാറിലെ ജനങ്ങൾ ഇപ്പോൾ സാമ്പത്തികമായി കൂടുതൽ ശാക്തീകരിക്കപ്പെടും' ', നിതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞമാസമാണ് നിതീഷ് കുമാർ ബിജെപിയിലേക്ക് മടങ്ങിയെത്തിയത്.

അതേസമയം 2014നും 2019നും ഇടയിൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ കേന്ദ്രത്തിലെ ആദ്യത്തെ ഭരണമാണ് നരേന്ദ്ര മോദി സർക്കാരിന്റേതെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ സമ്രാട്ട് ചൗധരി അഭിപ്രായപ്പെട്ടു. 75 വർഷത്തിനിടയിൽ കേന്ദ്രത്തിൽ മറ്റൊരു സർക്കാരിനും ഈ നേട്ടം ഉണ്ടായിട്ടല്ല. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും ചൗധരി കൂട്ടിച്ചേർത്തു.