- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീനാക്ഷി ലേഖിക്ക് സീറ്റില്ല; മനോജ് തിവാരി ഒഴികെ എല്ലാം പുതുമുഖങ്ങൾ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിൽ അഞ്ചിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി ഇത്തവണ മിന്നും ജയം തുടരാൻ പോരാട്ടത്തിന് ഇറക്കുന്നത് പുതുമുഖങ്ങളെ. ന്യൂഡൽഹി മണ്ഡലത്തിൽ സിറ്റിങ് എംപിയായ മീനാക്ഷി ലേഖിക്ക് സീറ്റില്ല. പകരം അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് ആണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹി തൂത്തുവാരിയ ബിജെപി ഇത്തവണയും സമ്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്.
നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മനോജ് തിവാരിയും സൗത്ത് ഡൽഹിയിൽ നിന്ന് രാംവീർ സിങ് ബിധുരി, വെസ്റ്റ് ഡൽഹിയിൽ നിന്ന് കമൽജീത് സെഹ്രാവത്, ചാന്ദ്‌നി ചൗക്കിൽ നിന്ന് പ്രവീൺ ഖണ്ഡേൽവാൾ എന്നിവരാണ് സ്ഥാനാർത്ഥികൾ. മനോജ് തിവാരി ഒഴികെയുള്ളവരെല്ലാം മറ്റെല്ലാവരും പുതുമുഖങ്ങളാണ്. അഭിഭാഷകയായ ബാൻസുരി ബാൻസുരി സ്വരാജ്, കഴിഞ്ഞ വർഷമാണ് ബിജെപി ഡൽഹി ലീഗൽ സെല്ലിന്റെ കോ-കൺവീനറായി നിയമിതയായത്. ഇത് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്,
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകുന്നേരമാണ് പ്രഖ്യാപിച്ചത്. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. 47 പേർ 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മത്സരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽനിന്നും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലക്നൗവിൽ നിന്നും ജനവിധി തേടും.
കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് 51, ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, കേരളം 12, തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്‌ഗഡ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബർ 1, ദാമൻ ദിയു 1 എന്നിങ്ങനെയാണ് ആദ്യ ഘട്ട പട്ടികയിൽ പ്രഖ്യാപിച്ച മണ്ഡലങ്ങളുടെ എണ്ണം.