- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിആർഎസ് വിട്ടെത്തിയ രണ്ട് സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകി ബിജെപി
ഹൈദരാബാദ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണംനഷ്ടമായ ബി.ആർ.എസിന് തെലങ്കാനയിൽ കനത്ത തിരിച്ചടി. പാർട്ടി വിട്ട രണ്ട് സിറ്റിങ് എംപിമാർ ബിജെപിയിൽ ചേക്കേറിയതിന് പിന്നാലെ ഇരുവർക്കും സീറ്റ് നൽകി. ഒരാഴ്ചക്കിടെ പാർട്ടിവിട്ടുപോയ രണ്ടുപേർക്കും ബിജെപി. ടിക്കറ്റ് നൽകിയതോടെ ബിആർഎസ് കൂടുതൽ വെട്ടിലായിരിക്കുകയാണ്. ബിജെപിയുടെ ആദ്യഘട്ട 195 അംഗ പട്ടികയിലാണ് ബി.ആർ.എസ്. വിട്ടുപോയ സിറ്റിങ് എംപിമാർ ഇടംപിടിച്ചത്.
ബി.ആർ.എസ്. വിട്ട നാഗർകുർനൂൽ എംപി. പി. രാമലു വ്യാഴാഴ്ചയാണ് മകനൊപ്പം ബിജെപിയിൽ ചേർന്നത്. സഹിരാബാദ് എംപി. ബി.ബി. പാട്ടീൽ പിറ്റേന്നും ബിജെപിയിൽ അംഗത്വമെടുത്തു. ഇതിന് പിന്നാലെ ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ഇരുവരും ഇടംപിടിച്ചെന്നുമാത്രമല്ല, സിറ്റിങ് സീറ്റുകൾ തന്നെ ഇവർക്ക് ബിജെപി. അനുവദിക്കുകയും ചെയ്തു.
ബി.ആർ.എസ്. വീണ്ടും പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രണ്ടുപേരും പാർട്ടിവിട്ടത്. നാഗർകർനൂലിൽ അച്ചാംപേട്ട് എംഎൽഎ. ജി. ബാലരാജുവിനെ മത്സരിപ്പിക്കാൻ കെ.സി.ആർ. ഒരുങ്ങുന്നുവെന്ന് സൂചനയെത്തുടർന്നാണ് പി. രാമുലു പാർട്ടി വിട്ടത്.
17 സീറ്റുള്ള തെലങ്കനായിൽ ഒമ്പതിടത്തേക്കാണ് ബിജെപി. നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മുൻ ബി.ആർ.എസ്. എംപി. കൊണ്ട വിശ്വേശർ റെഡ്ഡിയും ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ മൂന്ന് സിറ്റിങ് എംപിമാർ ബി.ആർ.എസ്. വിട്ടുപോയിട്ടുണ്ട്. പാർട്ടിവിട്ട ബി. വെങ്കടേഷ് നേത ഫെബ്രുവരിയിൽ കോൺഗ്രസിൽ ചേർന്നിരുന്നു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തുന്നതിന്റെ പഞ്ചാത്തലത്തിൽ കൂടുതൽ കൊഴിഞ്ഞുപോക്ക് ബി.ആർ.എസിൽനിന്നുണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അദിലാബാദിലും സങ്കറെഡ്ഡിയിലും പ്രധാനമന്ത്രി പരിപാടികളിൽ സംബന്ധിക്കും. ബി.ആർ.എസ്. ടിക്കറ്റിൽ മത്സരിക്കാൻ ആത്മവിശ്വാസക്കുറവുള്ള നേതക്കൾ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബിജെപി. വക്താവ് കൃഷ്ണസാഗർ റാവു അവകാശപ്പെട്ടു.